യതീംഖാനയിലെ റമളാൻ
പി.മുഹമ്മദ് മുസ്ലിയാർ പാലപിള്ളി
----------


അനുഗ്രഹങ്ങളുടെ പൂക്കാലം ആണല്ലൊ റമളാൻ അതോടെപ്പം അനുഭവങ്ങളുടെ കൂടി കാലമാണ്
എന്റെചെറുപ്പകാലത്ത് വീടുകളിൽ ഇന്നത്തെ പോലെ സുഭിക്ഷമായ നോമ്പ് തുറയൊ മറ്റു ആഘോശങ്ങളോ ഉണ്ടായിരുന്നില്ല..

എന്റെ റമാളാൻ കൂടുതലും ഞാൻ ജോലി ചെയ്യുന്ന പള്ളികളിലോ മറ്റു സ്ഥാപനങ്ങളിലോ ആയിരുന്നു..അത് കൊണ്ട് തന്നെ റമളാനെ കൂടുതൽ ആത്മീയ സമ്പന്നമക്കാൻ എനിക്ക് സാധിച്ചിരുന്നെങ്കിലും എന്റെ വീട്ടുകരോടൊപ്പമുള്ള നോമ്പ് തുറയും അത്താഴവും മറ്റും അനുഭവിക്കാൻ സാധിച്ചിരുന്നില്ല ..

ബാഫഖി യതീം ഖാനയിൽ ജോലി ചെയ്തിരുന്ന കാലത്തെ റമളാൻ ആണ് കൂടുതൽ അനുഭവസമൃതമായിരുന്നത്... അന്നത്തെ വളരെ ദരിദ്രമായിരുന്ന കാലഘട്ടത്തിൽ അതിൽ തന്നെ കൂടുതൽ ദരിദ്രമായിരുന്ന കുട്ടികളായിരുന്നു യതീംഖാനയിൽ ഉണ്ടായിരുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വക ഇല്ലാതിരുന്ന ആ കുട്ടികൾക്ക് യതീം ഖാനയിൽ നിന്ന് ലഭിച്ചിരുന്നത് സുഭിക്ഷ ഭക്ഷണമായിരുന്നു.. അന്നത്തെ സമ്പന്നർ പലരും യതീംഖാനയിലേക്ക് നോമ്പ് തുറ വിഭവങൾ സംഭാവന ചെയ്യുന്നതിൽ മൽസരിച്ചിരുന്നു. അത് കൊണ്ട് അന്ന് ലഭിക്കുന്നതിൽ ഏറ്റവും നല്ല ഭക്ഷണമായിരുന്ന   അവിടെ ഉണ്ടായിരുന്നത്.
അന്നത്തെ കുട്ടികളോടൊപ്പുമുള്ള നോമ്പ് തുറയും തുടർന്നുള്ള പ്രാർത്ഥനകളും ശരീരത്തിനോടൊപ്പം മനസ്സും നിറച്ചിരുന്നു.


ആ കാലഘട്ടത്തിൽ എന്റെ ശൈഖുനയും യതീംഖാനയുടെ    മുഖ്യ കാര്യദർശിയുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ സൂക്ഷമത അനുഭവിച്ചറിയാൻ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്.. അതിൽ ഒന്നാണ് അന്നത്തെ പ്രമുഖ സമ്പനരിൽ ഒരാൾ ശൈഖുനയുടെ അടുത്തു വരികയും 10000 രൂപ      ഏൽപിക്കുകയും  ഇത് എന്റെ സകാത്തിന്റെ വിഹിതമാണ് ഈ തുക യതീംഖാനയുടെ ചെലവിലേക്ക് എടുക്കണമെന്ന് പറയുകയും ച്ചെയ്തു (അന്ന് എനിക്ക് 70 രൂപയാണ് ശമ്പളം അതായത് അന്നത്തെ 10000 രൂപ ഇന്നത്തെ ലക്ഷങ്ങളുടെ മൂല്യമുള്ള തുകയാണ് ) . സകാത്തിന്റെ വിഹിതമാണ് എന്ന് കേട്ടതും ബാപ്പു മുസ്ലിയാർ അത് നിരസിക്കുകയും യതീംഖാനക്ക് അത് വാങ്ങാൻ അർഹതയില്ലെന്ന് പറയുകയും ചെയ്തു.
സ്ഥാപനത്തിന്റെ തുടക്ക കാലഘട്ടമായതിനാൽ വലിയ സാമ്പത്തിക വെല്ലുവിളി നേരിട്ടിട്ടും അത്ര വലിയ തുക നിരസിക്കാൻ ശൈഖുന കാണിച്ച സൂക്ഷമത എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.

അത് പോലെ തന്നെ ഒരു ദിവസം യതീംഖാന സബന്ധമായ യാത്ര കഴിഞ രാത്രി വളരെ വൈകി ഏകദേശം പുലർച്ചെ 3 മണിക്ക് ശൈഖുന യതീംഖാനയിൽ എത്തി ഏറെ ക്ഷീണതിനായിരുന്നു ശൈഖുന.
ആസ്മ രോഗികൂടി ആയതി നാൽ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.
എന്നോട് ഒരു ഗ്ലാസ് ചൂടുവെള്ളം ആവശ്യപെട്ടു ഞാൻ യതീംഖാനയുടെ കാന്റി ൽ പോയി ചൂട് വെള്ളം എടുത്ത് കൊടുത്തു. ശൈഖുന ഗ്ലാസ് കയ്യിൽ എടുത്ത് "ഈ സമയത്ത് ഇത്ര പെട്ടന്ന് എവിടുന്നണ് ചൂട് വെള്ളം കിട്ടിയത്?" എന്ന് ചോദിച്ചു. കൂട്ടികൾക്ക് രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി കാന്റനിൽ തയ്യാറാക്കി വെച്ചതിൽ നിന്ന് എടുത്തതാണ് എന്ന് ഞാൻ പറഞ്ഞതും ശൈഖുന വെള്ളം കുടിക്കാതെ ഗ്ലാസ് തിരിച്ച് വെച്ചു. "ആ വെള്ളം എനിക്ക് അർഹതപെട്ടതല്ല അത് ഇവിടുത്തെ കുട്ടികൾക്കുള്ളതാണ്" എന്ന് പറയുകയും ശൈഖുനക്ക് വേണ്ടി വേറെ വെള്ളം തരപെടുത്തുകയും അത് തയ്യാറാവുന്നത് വരെ ആസ്മ യുടെ അസ്വസ്ഥത വകവെക്കാതെ കാത്തിരിക്കുകയും ചെയ്തു. ശൈഖുനായുടെ ഈ സ്വഭാവ ഗുണമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാക്കിയിരുന്നത്

റമളാനോർമകളിൽ മറക്കാൻ കഴിയാത്ത മറ്റൊന്നാണ് പ്രസിദ്ധ പണ്ഡിതൻ കെ.കെ ഹസ്രത്ത് മായി ബന്ധം  സ്ഥാക്കാനായത്. ഒരു റമളാൻ മാസം താനൂരിലെ പ്രസിദ്ധമായ ഇസ്ലാഹുൽ ഉലൂം മദ്രസയുടെ (ഇന്നത്തെ ഇസ്ലാഹുൽ ഉലൂം അറബി കോളേജ്) പള്ളിയിൽ ജുമുഅക്ക് ശേഷം പ്രസഗം നടത്താൻ എനിക്ക് അവസരം ലഭിച്ചു.  പ്രസംഗം പഠിക്കുന്ന കാലഘട്ടംമാണ്.ഞാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ ജനങ്ങളുണ്ടായിരുന്നു. അൽപം ടെൻഷനോട് കൂടിയാണ് ഞാൻ പ്രസംഗിച്ചത് ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് എനിക്ക് എന്തെങ്കിലും തെറ്റ് സംഭവിക്കുമൊ എന്ന ഭയം എനിക്കുണ്ടായിരുന്നു.
പ്രസംഗം കഴിഞ്ഞ് ഞാൻ പള്ളിയിലിരിക്കുകയായിരുന്ന എന്റെ അടുത്ത് ഒരാൾ വന്നു പറഞ്ഞു നിങ്ങളെ കെ കെ ഹസ്രത്ത്
വിളിക്കുന്നുണ്ട്
അപ്പോഴാണ് പള്ളിയിൽ ഹസ്രത്ത് അവർകൾ ഉണ്ടായിരുന്ന വിവരം ഞാൻ അറിയുന്നത്. ഞാൻ വല്ലാതെ പേടിച്ചു. എന്റെ പ്രസംഗത്തിൽ എന്തെങ്കിലും തെറ്റ് പറ്റി കാണുമെന്നും അത് പറയാനാവും എന്നെ വിളിക്കുന്നത് എന്നും ഞാൻ കരുതി..വളരെ ഭയത്തോടെ ഞാൻ ഹസ്രത്തിന്റെ അടുത്തെത്തി സലാം പറഞ്ഞു. ഹസ്രത്ത് സലാം മടക്കി എന്നോട് ഇരിക്കാൻ പറഞ്ഞു.
ശേഷം എന്റെ ധാരണകളെ തിരുത്തി കൊണ്ട് ഹസ്രത്ത് പറഞ്ഞു "മുസ്ലിയാരെ നിങ്ങൾ എന്നെ ഒന്ന് സഹായിക്കണം ഇവിടെ തറാവീഹിന് ശേഷം സ്ഥിരമായി ഞാൻ ക്ലാസ് എടുക്കാറുണ്ട്  ഇന്ന് എനിക്ക് മറ്റു ചില തിരക്കുകൾ ഉണ്ട് അത് കൊണ്ട് നിങ്ങൾ എനിക്ക് പകരം ഒന്ന് പ്രസംഗിക്കണം
ഞാൻ ആകെ വല്ലാതെ ആയി. ഹസ്രത്തിന് പകരം പ്രസംഗിക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ഞാൻ സ്നേഹം പൂർവം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു പക്ഷേ അദ്ദേഹം വിട്ടില്ല ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം ഞാൻ തയ്യാറായി. അന്ന് ഞാൻ അവിടെ താമസിച്ചു എനിക്ക് വിഭവ സമൃതമായ നോമ്പ് തുറയും അത്തായവും എല്ലാം അദ്ദേഹത്തിന്റെ നിർദേശ പ്രകാരം അവിടെ തയ്യാറാക്കിയിരുന്നു. എനിക്ക് ജീവിതത്തിൽ കിട്ടിയ വലിയൊരു സൗഭാഗ്യമായിരുന്നു ആ കൂടി ചേരൽ

പാലപിള്ളി മേഖല ഖാസി സ്ഥാനം ഏറ്റെടുത്തതിന് ശേഷം റമളാൻ അല്ലെങ്കിൽ പെരുന്നാൾ മാസം ഉറപ്പിക്കലുമായി ബന്ധപെട്ടും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ടെലിഫോൺ സംവിധാനവും വിവരസങ്കേതിക വിദ്യയും ഒന്നും ഇത്രമാത്രം സുലഭമാവാത്ത കാലഘട്ടത്തിൽ മാസമുറപ്പിക്കൽ വളരെ സങ്കീർണമായ ഒരു കാര്യമായിരുന്നു. ശഅബാൻ 29 നും റമളാൻ 29 നും പാലപിള്ളിയിൽ നിന്നും ഞാനും അന്നത്തെ മഹല്ല് കാരണവർമാരായ സൈത്‌ക്ക , ഹംസ ഹാജി, സി ടി ഉബൈദ് , കൊളക്കാടൻ കുഞ്ഞിമുഹമ്മദ്ക്ക തുടങ്ങിയവർ കൂടി ജീപ്പ് വിളിച്ച് തൃശൂർ ടൗണിലുള്ള മുസ്ലിം ലീഗ് ഓഫിസിലേക്ക് പോവും. മാസം ഉറപ്പിച്ചാൽ പാണക്കാട് നിന്നും അവിടുത്തേക്ക് ഫോൺ വരും അതും കാത്ത് ഞങ്ങൾ അവിടെ ഇരിക്കും. അവിടുന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചത്തിയ ശേഷം പാലപിള്ളിയുലുള്ള മമ്മുക്കാന്റെ പലചരക്ക് കടയിൽ ഞങ്ങൾ ഒത്ത്ചേരും അവിടെ നിന്ന് സംഘങ്ങളായി ഓരോ മഹല്ലുകളിലേക്കും ആളുകളെ വിവരം അറിയിക്കാൻ പറഞയക്കും അതായിരുന്നു അന്നത്തെ രീതി.

ഒരിക്കൽ പുലർച്ചെ 2 മണിവരെ ഞങ്ങൾ കാത്തിരുന്നിട്ടും ഒരു വിവരവും കിട്ടിയില്ല. മാസം കണ്ടിട്ടില്ല എന്ന ധാരണയിൽ ഞ്ഞങ്ങൾ തിരിച്ച്പോന്നു. വരുന്ന വഴി കൂരിക്കുഴി എന്ന സ്ഥലത്ത് എത്തിയപ്പോൾ മൈക്കിൽ തക്ബീർ ചെല്ലുന്നത് കേട്ടു. അന്നൊക്കെ പാതിരാ വഅളുകൾ സജീവമായിരുന്ന കാലഘട്ടമാണ് അന്നത്തെ പ്രമുഖ പ്രാസിഗംകൻ യൂസ്ഫ് മുസ്ലിയാരുടെ പ്രസംഗം നടക്കുന്നുണ്ടായിരുന്നു അവിടെ. ആ സദസ്സിൽ നിന്നാണ് തക്ബീർ കേട്ടത് ഞങ്ങൾ അങ്ങോട്ട് പോയി കാര്യം അന്വേശിച്ചു. ഞങ്ങൻ തൃശൂർ നിന്നും പുറപെട്ടത്തിന ശേഷം മാസം ഉറപ്പിച്ചതായി ഞങ്ങൾക്ക് മനസ്സിലായി..
ഞങ്ങൾ തിരിച്ച് പാല പിള്ളിയിൽ എത്തി ഈ വിവരം തൊട്ടടുത്ത മഹല്ലു കളിലൊക്കെ അറിയിച്ചപോയേക്കും സമയം സുബ്ഹിയോടടുത്തിരുന്നു. പുലർച്ചെ അത്തായത്തിന് എഴുനേൽക്കുമ്പോൾ ആണ് പെരുന്നാൾ ആയ വിവരം ആളുകൾ അറിയുന്നത്. ന്ന സെകന്റുകൾക്കകം വിവരം കൈമാറുന്ന ഈ കാലഘട്ടത്തിൽ അതൊക്കെ മനോഹരമായ ഓർമകൾ തന്നെയാണ്.