സൈനുൽ ഉലമാ അണ്ടോണ അബ്ദുള്ള മുസ്ലിയാർ:ജീവിതം കൊണ്ട് മാതൃക തീർത്ത പണ്ഡിതൻ 
 ഹുസ്നി മുബാറക്ക് കൂമണ്ണ
 



 ജീവിതം കൊണ്ട് മാതൃക തീർക്കുകയും ജീവിതം മുഴുവൻ ദീനി പ്രചാരണത്തിനുപയോഗിച്ച മഹാ പണ്ഡിതനാണ് സൈനുൽ ഉലമാ അണ്ടോണ ഉസ്താദ്.താമരശ്ശേരി കോവൂർ വില്ലേജിൽ വാവാട്ട് മഹല്ലിൽ കുന്നുമ്മൽ തറവാട്ടിൽ മുഹ്യുദ്ധീൻ കുട്ടി മുസ്ലിയാരുടെയും ഉമ്മയ്യ ഹജ്ജുമ്മയുടെയും അഞ്ചുമക്കളിൽ ഇളയ മകനായിട്ട് 1922-ലാണ് സൈനുൽ ഉലമാ അണ്ടോണ ഉസ്താദ് ജനിക്കുന്നത്.മാതാപിതാക്കളിൽ നിന്നും പ്രാഥമിക പഠനത്തിനു ശേഷം ഭൗതിക പഠനത്തിന് വേണ്ടി താമരശ്ശേരി ഗവൺമെന്റ യു.പി സ്കൂളിൽ ചേർന്ന മഹാനവർകൾ മത വിദ്യാഭ്യാസത്തോടപ്പം ഭൗതിക വിദ്യാഭ്യാസത്തിലും അവഗാഹം നേടിയവരായിരുന്നു.തന്റെ വിദ്യാർത്ഥി കാലഘട്ടത്തിലെ 8 വർഷത്തോളം ഭൗതിക വിദ്യാഭ്യാസത്തിന് നീക്കിവെച്ച ഉസ്താദ് അക്കാലത്തെ (1930 കളിലെ)ഉന്നത വിദ്യാഭ്യാസ യോഗ്യതയായ ഇ.എസ്.എൽ.സി കരസ്ഥമാക്കിയിട്ടുണ്ട്. 

 സൈനുൽ ഉലമാ അണ്ടോണ ഉസ്താദ് ഭൗതിക വിദ്യാഭ്യാസം നേടുന്ന സമയത്ത് തന്നെ സ്വന്തം നാട്ടിലെ വാവാടും അയൽ പ്രദേശമായ വട്ടക്കുണ്ടിലും ദർസിൽ പഠിക്കുകയും ഇഎസ്എൽസി നേടിയതിനു ശേഷം മത വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി പുനൂർ ദർസിൽ ചേർന്നു അവിടെന്ന് എംകെ കുഞ്ഞി ഇബ്രാഹീം മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു.അവിടത്തെ പഠന ശേഷം കാപ്പാടും മടവൂരും കുഞ്ഞഹമ്മദ് മുഹമ്മദ് മുസ്ലിയാരുടെയും മലയമ്മ അബൂബക്കർ മുസ്ലിയാരുടെയും കീഴിൽ പഠനം നടത്തിയുട്ടുണ്ട് അണ്ടോണ ഉസ്താദ്. ഉപരിപഠനാവശ്യാർത്ഥം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ പോയ അണ്ടോണ അബ്ദുള്ള മുസ്ലിയാർ പഠനം കഴിഞ്ഞ് (1948-1950 ബാഖിയാത്തിലെ പഠനകാലം) ബിരുദമെടുത്ത് പുറത്തിറങ്ങുമ്പോൾ അഗാധമായ അറിവ് കൊണ്ടും പ്രസംഗപാടവം കൊണ്ടും പ്രസിദ്ധനായിരുന്നു. പ്രഗത്ഭരായ പല വിശിഷ്ട വ്യക്തികളും സ്വന്തം നാടിന്റെ പേരിൽ പ്രശസ്തരാവുമ്പോൾ മഹാനവർകൾ തന്റെ കർമ്മ മണ്ഡലത്തിന്റെ പേരിലാണ് പ്രസിദ്ധരായത്.അത് ഉസ്താദവർകൾ ദീർഘകാലം (1951-1972 ഇടക്ക് രണ്ട് വർഷത്തിലൊഴികെ) സേവനം ചെയ്ത അണ്ടോണയുടെ പേരിലായിരുന്നു.അണ്ടോണ മഹല്ലിൻ നേതൃത്വം നൽകിയതിനു ശേഷം ഉരുളിക്കുന്നിലും തുടർന്ന് 1979-ൽ ജ•നാട് വാവാട് മഹല്ലിലും സേവനം ചെയ്തു. ഉസ്താദിന്റെ പ്രഭാഷണം ആരെയും കീഴ്പെടുത്തുന്നതാണ്.അവരുടെ സംസാരവും പ്രഭാഷണവുമെല്ലാം സ്ഫുടമായതും ആളുകളുടെ മനസ്സിൽ പെട്ടന്ന് കൊള്ളുന്നതു മായിരുന്നു..ഉസ്താദ് ജനങ്ങളിലേക്കോ സദസ്സുകളിലേക്കോ കടന്നുവരുമ്പോൾ ജാതി-മത ഭേദമന്യ ആളുകൾ ബഹുമാനപൂർവ്വം എണീറ്റ് നിൽക്കുമായിരുന്നു.അറിവിൽ വലിയ ഉന്നതിയിലെത്തിയിരുന്ന മഹാനവർകളുടെ ജീവിതം ലാളിത്യവും എളിമയും നിറഞ്ഞതായിരുന്നു. 1979 മുതൽ വഫാത്ത് വരെ ജന്മനാടായ വാവാട് മഹല്ലിൽ സേവനം ചെയ്ത അണ്ടോണ ഉസ്താദ് വാവാട്,അണ്ടോണ,ഉരുളിക്കുന്ന്,ഒടുങ്ങക്കാട് തുടങ്ങിയ ഇരുപതോളം മഹല്ലുകളുടെ ഖാളി കൂടിയായിരുന്നു. ദർസ് ആരഭിച്ചതിനു ശേഷം വഫാത്തിന്റെ രണ്ട് ദിവസം മുമ്പ് വരെ ദർസ് നടത്തിയിരുന്ന ഉസ്താദ് ദർസ് കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ തന്നെ നൽകിയിരുന്നു.

ഉസ്താദ് പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോയ സമയത്ത് മാത്രമാണ് ദർസിൽ നിന്ന് മാറിനിന്നിരുന്നത്.നാലര പതിറ്റാണ്ടോളം ദീനി പ്രബോധന രംഗത്ത് ജ്വലിച്ചുനിന്ന അണ്ടോണ ഉസ്താദ് നിരവധി പ്രഗത്ഭരായ പണ്ഡിതന്മാരുടെ ഗുരുവര്യരാണ്. പി.സി കുഞ്ഞാലൻ കുട്ടി മുസ്ലിയാർ,വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ തുടങ്ങിയവർ പ്രഗത്ഭരായ ശിഷ്യരിൽ ചിലർ മാത്രമാണ്. 
 അണ്ടോണ ഉസ്താദ് സമസ്തയുടെ വളർച്ചക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ,കോഴിക്കോട് ജില്ല സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി,സമസ്ത ഫതവ കമ്മറ്റി മെമ്പർ,സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അംഗം എന്നീ പദവികൾ ഉസ്താദ് വഹിച്ചിട്ടുണ്ട്.

 ശൈഖുനാ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരും സൈനുൽ ഉലമ അണ്ടോണ അബ്ദുള്ള മുസ്ലിയാരും തമ്മിൽ വലിയ ആത്മബന്ധമായിരുന്നു.അണ്ടോണ ഉസ്താദിന്റെ മകൻ അബ്ദുൽ ബാരി മുസ്ലിയാരുടെ വിവാഹത്തിന് അനാരോഗ്യം അവഗണിച്ചിട്ടായിരുന്നു ശംസുൽ ഉലമ എത്തിയിരുന്നത്.കല്യാണത്തിലേക്ക് വരുമ്പോൾ ഉസ്താദവർകൾ(ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ലിയാർ)പറഞ്ഞത്: 'അരോഗ്യമുണ്ടായിട്ടല്ല,അണ്ടോണയുടെ വീട്ടിലേക്കായതുകൊണ്ടാണ്'എന്നാണ്. ഇൗ സംഭവം ഇവർക്കിടയിലുണ്ടായിരുന്ന ആത്മബന്ധമാണ് വ്യകതമാക്കുന്നത്. ദീർഘകാലം പാണ്ഡിത്യത്തിന്റെ പ്രൗഢഭാവം കൊണ്ടും ലാളിത്യജീവിതം കൊണ്ടും സമൂഹത്തിന് പ്രകാശം നൽകിയ സൈനുൽ ഉലമ അണ്ടോണ അബ്ദുള്ള മുസ്ലിയാർ 1995 ജൂൺ മുപ്പത് അർദ്ധരാത്രിക്ക് ശേഷമാണ്(ജൂലൈ ഒന്ന്-സഫർ 2) വഫാത്താവുന്നത്.
മഹാനവർകളുടെ കൂടെ അല്ലാഹു അവന്റെ സ്വർഗ്ഗീയ ആരാമത്തിൽ നമ്മെ ചേർക്കട്ടെ...ആമീൻ