ഡോ.അല്ലാമാ മുഹമ്മദ് ഇഖ്ബാൽ


നവംബർ 9,
അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ 142മത് ജന്മവാർഷികം....

വിശ്വപ്രശസ്ത കവിയും,ചിന്തകനും, മുസ്ലിം ലീഗ് നേതാവുമായിരുന്ന ഡോ.അല്ലാമാ മുഹമ്മദ് ഇഖ്ബാൽ 1878 നവംബർ 9ന് പഞ്ചാബിലെ സിയാൽകോട്ടിൽ ജനിച്ചു. നാഥു എന്നറിയപ്പെട്ടിരുന്ന ശൈഖ് നൂർ മുഹമ്മദാണ് പിതാവ്. മാതാവ് ഇമാം ബീബി. നൂർ മുഹമ്മദ് മതഭക്തനും കുലീനനും ബുദ്ധിമാനുമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത അദ്ദേഹം 'ഖാദിരിയ്യത്വരീഖത്തിലെ' ശൈഖ് (പണ്ഡിതശ്രേഷ്ഠൻ) ആയിരുന്നു.നിരക്ഷരനായ തത്ത്വജ്ഞാനിഎന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മാതാവും മതഭക്തയായിരുന്നു. രണ്ട് ആൺ മക്കളും നാല് പെൺ മക്കളുമായിരുന്നു ശൈഖ് നൂർ മുഹമ്മദിനും ഇമാം ബീബിക്കുമുണ്ടായിരുന്നത്.
ബാല്യകാലത്ത് തന്നെ ഖുർആനിലും ഇസ്ലാമിക വിശയങ്ങളിലും പരിജ്ഞാനം നേടി.
ലാഹോർ ഗവ:കോളേജിലെ പഠനത്തിന് ശേഷം തത്വശാസ്ത്രത്തിൽ കൂടുതൽ പഠനങ്ങൾക്കായി ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേസിറ്റിയിൽ ചേർന്നു.ശേഷം മ്യൂണിക്ക് സർവ്വകലാശാലയിൽ നിന്നും തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി....

1907ൽ പഠനകാലത്ത് തന്നെ മുസ്ലിം ലീഗിന്റെ ലണ്ടൻ ചാപ്റ്ററിൽ അല്ലാമാ ഇഖ്ബാൽ പ്രവർത്തന രംഗത്ത് സജീവമായിരുന്നു....

പതിനഞ്ചാം നൂറ്റാണ്ട് മുതൽ "ചിന്തകൾക്ക്" ഒരുതരം മരവിപ്പ് ബാധിച്ചിരുന്ന മുസ്ലിം സമൂഹത്തെ,
തന്റെ ബൗദ്ധികമായ ഇടപെടലുകൾ കൊണ്ട് സജീവമാക്കിയ അല്ലാമാ ഇഖ്ബാൽ എന്ന ഇസ്ലാമിക തത്വചിന്തകൻ....

ഇഖ്ബാലിന്റെ വീക്ഷണത്തിൽ,
"ഇസ്ലാം സമ്പൂർണ്ണമാണ്,
ലോകത്തുള്ള സർവ്വതിനും ആധാരവും പരിഹാരവും ഇസ്ലാമിലുണ്ട്.
നിങ്ങൾ വെളിച്ചം അന്വേഷിച്ച് അലയുകയാണോ?
അന്ധകാരത്തിൽ നിന്നും മോചനം നേടാനുള്ള വെളിച്ചം വിശുദ്ധ ഖുർആനിലുണ്ട് "

മഹത്തായ ആദർശസംഹിതയും, പാരമ്പര്യവും,പൈതൃകവും കൈമുതലായുള്ള മുസ്ലിം സമൂഹം ദിശയറിയാതെ ഇരുട്ടിൽ തപ്പുമ്പോൾ.....
ഇഖ്ബാൽ വിളിച്ചു പറഞ്ഞു
"നിങ്ങൾ ഇസ്ലാമിന്റെ യഥാർത്ഥ സംസ്കൃതിയിലേക്ക്,മൂല്യങ്ങളിലേക്ക്,
ഉണ്മയിലേക്ക് തിരിച്ചു വരുക,
അഭിമാനകരമായ ഭൂതകാലത്തെ പുനർവായിക്കുക,
വിജയം സുനിശ്ചിതമാണ്,നിങ്ങൾക്ക് മുന്നേറാനുള്ള പാതയും അത് മാത്രമാണ് "
മുസ്ലിം യുവസമൂഹത്തിനും, വിദ്യാർത്ഥിസമൂഹത്തിനും, ദിശാബോധവും,ആത്മാഭിമാനവും പകർന്ന് നൽകിയ അല്ലാമാ ഇഖ്ബാൽ പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്നു....

തന്റെ ഉൽകൃഷ്ടമായ രചനകൾ കൊണ്ട് ഇസ്ലാമിക സംസ്കാരത്തെയും, പൈതൃകത്തെയും മനുഷ്യ മനസ്സുകളിൽ പ്രതിഷ്ഠിച്ച്,
അവരുടെ സിരകളിൽ മരവിച്ചിരുന്ന രക്തചംക്രമത്തെ സജീവമാക്കി,
ചിന്തകളെ സർഗ്ഗാത്മകവും, പ്രവർത്തനങ്ങളെ നിർമ്മാണാത്മകവുമാക്കിമാറ്റിയ ഡോ.അല്ലാമാ ഇഖ്ബാൽ ലോകം ദർശിച്ച മഹാനായ ദാർശനികനായിരുന്നു.....

അല്ലാഹുവിനോടുള്ള അചഞ്ചലമായ വിശ്വാസദൃഢതയും,ഭയഭക്തിയും,
സ്ഫുരിക്കുന്ന ഇഖ്ബാലിന്റെ സാഹിത്യ സൃഷ്ടികൾ,
സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള പരിപാവനമായ ബന്ധത്തിന്റെ ആഴങ്ങൾ വരച്ചുകാട്ടുന്നവയാണ്.....
  • അസ്രാർ - ഒ- റമൂസ്
  • പയഗാം - ഇ - മഷ്‌‌രിക്
  • സബൂർ - ഇ-അജം
  • ജാവേദ് നാമ
  • തജ്ദീദ് - ഇ- ഫിക്രിയാത് - ഇ-ഇസ്ലാം
  • ദീവാൻ - ഇ- മുഹമ്മദ് ഇക്ബാൽ
എന്നീ ഇഖ്ബാലിന്റെ രചനകൾ ഇസ്ലാമിക തത്വശാസ്ത്രത്തിലെ മഹത്തായ സാഹിത്യ സൃഷ്ടികളാണ്....

പ്രവാചക സ്നേഹത്താൽ തുടിക്കുന്നതായിരുന്നു ഇഖ്ബാലിന്റെ ഹൃദയം.മുഹമ്മദ് നബി (സ) യുടെ ജീവിതവും,സന്ദേശവും,മദീനയും, ചരിത്രവുമെല്ലാം പെയ്തിറങ്ങുന്ന "ഇഷ്ഖേ റസൂലിന്റെ" യഥാർത്ഥ പ്രതിഫലനങ്ങളാണ് ഇഖ്ബാലിയൻ കവിതകൾ....
ഓരോ വരികളും നമ്മുടെ മനോനുകരങ്ങളെ മദീനത്തെ ഹബീബിന്റെ തിരുസന്നിധിയിൽ എത്തിക്കും എന്നതിൽ സംശയമില്ല.
Armughan-e-Hijaz (The Gift of Hijaz) മികച്ച ഉദാഹരണമാണ്.....

ഉറുദു - പേർഷ്യൻ ഭാഷകൾക്കും, സാഹിത്യത്തിനും ഇഖ്ബാൽ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
അദ്ദേഹത്തിന്റെ രചനകൾ ചിന്തനീയവും,മനോഹരവും, പ്രൗഢവുമാണ്......

Asrar -e -Khudi (Secrets of the Self),
Rumuz-i-Bekhudi (Hints of  Selflessness),
Zabur-e-Ajam (Persian Psalms)
പ്രധാനപ്പെട്ട പേർഷ്യൻ ഭാഷയിലെ രചനകളാണ്....

Bang-e-Dara (The Call of the Marching Bell),
Bal-e-Jibril (Wings of Gabriel),
Armughan-e-Hijaz (The Gift of Hijaz)
Asrar - e - Khudhi,
പ്രധാനപ്പെട്ട ഉറുദു ഭാഷയിലെ രചനകളാണ്.

ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ്, ഇറാൻ,അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ അല്ലാമാ ഇഖ്ബാലിന് നൽകുന്ന പദവിയും,ആദരവും അത്യുന്നതമാണ്....
ലോകത്തെ വിവിധ സർവ്വകലാശാലകളിൽ ഇഖ്ബാലിന്റെ രചനകൾ പാഠ്യ-ഗവേഷണ വിഷയങ്ങളാണ്.....

ഓരോ ഭാരതീയന്റെയും സിരകളിൽ ദേശസ്നേഹം തുടിപ്പിക്കുന്ന "സാരെ ജഹാസെ അച്ഛാ,ഹിന്ദുസ്ഥാൻ ഹമാരാ" എന്ന ഗാനം രചിച്ചത് ഇഖ്ബാലിന്റെ മാന്ത്രിക വിരലുകൾ കൊണ്ടാണ്.....
അദ്ദേഹത്തിന്റെ ദേശസ്നേഹം സ്ഫുരിക്കുന്ന കാവ്യങ്ങൾ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ആവേശവും, കരുത്തുമേകി....

മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദാർശനിക അടിത്തറ പാകിയ അല്ലാമാ ഇഖ്ബാൽ,
സ്വത്വരാഷ്ട്രീയത്തെ ഭാരതമണ്ണിൽ വേരുറപ്പിച്ചു.....
അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ചിന്തയും,മുഹമ്മദലി ജിന്നയുടെ ഇച്ഛാശക്തിയുമാണ് മുസ്ലിം ലീഗിനെ ഇന്ത്യയുടെ മണ്ണിൽ കരുത്തുറ്റതാക്കിയത്......

1930ൽ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായി ഡോ.ഇഖ്ബാൽ തിരഞ്ഞെടുക്കപ്പെട്ടു.....
പഞ്ചാബ് മുസ്ലിം ലീഗിന്റെ പ്രസിഡന്റ്, സെക്രട്ടറി പദവികളും വഹിച്ച അദ്ദേഹം പഞ്ചാബ് ലെജിസ്ലേറ്റീവ് അസംബ്ലി മെമ്പറുമായിരുന്നു....

1930 ഡിസംബർ 29 ന് അലഹബാദിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ അധ്യക്ഷപദം അലങ്കരിച്ചുകൊണ്ട് ഇഖ്ബാൽ നടത്തിയ പ്രഭാഷണം ചരിത്രപ്രസിദ്ധമാണ്.....

സത്വ പ്രതിസന്ധി എന്നത് വർത്തമാനകാലത്ത് ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
സ്വത്വ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള  ഇഖ്ബാലിയൻ ചിന്തകൾ ഇത്തരുണത്തിൽ പ്രസക്തമാണ്....

"നീ വെറും ഒരു മൺതരിയാണെന്ന് കരുതുന്നുവോ?
നിന്റെ സ്വത്വത്തിന്റെ കെട്ട് മുറുക്കുക...
ചെറുതെങ്കിലും നിന്റെ സ്വന്തം ഉണ്മയെ മുറുകെ പിടിക്കുക!
സ്വത്വത്തെ തേച്ച് മിനുക്കുക, എത്ര മഹത്വരമാണത്...
അതിന്റെ തിളക്കത്തെ സൂര്യനുമായൊന്ന് ഒത്ത് നോക്ക്!
നിന്റെ അതിപുരാതന ചട്ടക്കൂട് വീണ്ടും ചെത്തിമിനുക്കുക....
പുതിയൊരു ഉണ്മയെ നീ പണിതെടുക്കുക...
അതാകുന്നു യഥാർത്ഥ ഉണ്മ,
ഇത്രയെങ്കിലും ചെയ്യാനാകുന്നില്ലെങ്കിൽ,
നിന്റെ സ്വത്വം വെറും പുകവലയം മാത്രം "
മുസ്ലിം ലീഗ് ഉയർത്തുന്ന സ്വത്വ രാഷ്ട്രീയത്തിന്റെ അനിവാര്യതയും, മഹത്വവും മഹാകവി വരച്ച് കാട്ടുന്നു......

സർ സയ്യിദ് ഉയർത്തിയ നവോഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുകയും മത- വിദ്യാഭ്യാസ-രാഷ്ട്രീയ- സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത അല്ലാമാ ഇഖ്ബാൽ ഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹാസപുരുഷനാണ്......


1934ൽ ഇക്ബാൽ രോഗബാധിതതനായി 1938ൽ ഏപ്രിൽ 21നു കാലത്ത് 5 മണിക്ക് അദ്ദേഹം നിര്യാതനായി. ലാഹോറിലെ ബാദ്ശാഹി മസ്ജിദിനു സമീപം അദ്ദേഹത്തെ കബറടക്കി...

ആ മനുഷ്യൻ കൊളുത്തി വെച്ച വെളിച്ചം,
ഉയർത്തിയ ആശയങ്ങൾ , ഇന്നും നമ്മുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് ചാലകശക്തിയാണ്.....